Wednesday, October 31, 2007

പരദേശി-പാഠങ്ങളും പ്രധാന രംഗങ്ങളും


പരദേശി-പാഠങ്ങളും പ്രധാന രംഗങ്ങളും

Rating-8/10
വലിയകത്ത് മൂസ. ഇത്, ഇന്ന് സാംസ്കാരിക കേരളത്തിന് സുപരിചിതമായ പേരാണ്. അതെ, ‘പരദേശി’ എന്ന ചലച്ചിത്രം ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞു. താരജാടകളുടെ പുണ്ണാക്ക് ഹീറോയിസമില്ലാത്തതും വളരെയധികം പാഠങ്ങള്‍ നല്‍കുന്നതുമായ ഒരു ചിത്രമാണ് ‘പരദേശി’.
കേരളത്തില്‍ ജനിച്ചിട്ടും പാക്ക് പൌരനായി അഥവാ ചാരനായി മുദ്ര കുത്തപ്പെട്ട ‘വലിയകത്ത് മൂസ’യും മറ്റ് സമാന നിര്‍ഭാഗ്യവ്യക്തിത്വങ്ങളുടെയും കഥയാണ് പരദേശി പറയുന്നത്. വെറും മാംസപിണ്ഡത്തിന് സമാനനായ മനുഷ്യരെപ്പോലും പാക് ചാരന്മാരായി മുദ്ര കുത്തപ്പെടുന്ന ഭീകരമായ സ്ഥിതി വിശേഷത്തിന്റെ നേര്‍കാഴ്ച്ചയാണ് ഈ ചിത്രം. ദേശീയമായും പ്രാദേശികമായും വലിയ മാനങ്ങള്‍ ഉള്ളതിനാല്‍ പലരും തൊട്ടുനോക്കാന്‍ പോലും ധൈര്യം കാണിക്കാത്ത ഒരു പ്രമേയത്തെ ഒരു ചലച്ചിത്രമായി വികസിപ്പിക്കാന്‍ സംവിധായകനായ പി.ടി.കുഞ്ഞിമുഹമ്മദ് കാണിച്ച ധൈര്യം അസാമാന്യം തന്നെ.
ഈ ചിത്രത്തെ പറ്റി എനിക്ക് ധാരാളം എഴുതാനുണ്ട്. പക്ഷേ, സമയപരിമിതി, അതിന് അനുവദിക്കുന്നില്ല. അതിനാല്‍ തന്നെ ഹൃദയസ്പര്‍ശിയായ രംഗങ്ങളിലേക്ക് കടക്കാം.
1). ഹംസ എന്ന കഥാപാത്രം മനോരോഗിയാ‍കുംബോള്‍, അയാളുടെ ഭയവിഹ്വലമായ മനസ്സില്‍ നിന്നും ഊര്‍ന്നുവീഴുന്നത് ഒരേയൊരു വാക്ക് മാത്രം. ‘പോലീസ്’‘. ആ വാചകത്തിന്റെ വിദൂര മാറ്റൊലികള്‍ - 'ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍’. ഈ ജോണ്‍ എബ്രഹാം അവസാന രംഗത്തില്‍ മനോവിഭ്രാന്തിയാലും ഭയത്താലും അവശനായ ചെറിയാച്ചന്‍ എന്ന കഥാപാത്രത്തെ നാം കാണുന്നു. അവസാന രംഗത്തില്‍ അയാള്‍ തെങ്ങില്‍ നിന്നും വീണു മരിക്കുംബോള്‍ അയാളുടെ ചുണ്ടുകളില്‍ നിന്നും ഊര്‍ന്നുവീഴുന്നതും ഇതേ വാചകങ്ങള്‍‘പോലീസ്,പോലീസ്’.
എന്താണിതിന്റെ അര്‍ഥം? അടിയന്തരാവസ്ഥക്കാലത്ത് പോലീസിനുണ്ടായിരുന്ന അതേ മനോഭാവം ഇന്നും തുടരുന്നു എന്നല്ലേ?
2). ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടോ? ഈ ചോദ്യത്തിനും ‘പരദേശി’ ഉത്തരം നല്‍കുന്നു. പാക് പൌരന്മാരായി കഴിയുന്ന വലിയകത്ത് മൂസയെ പോലെയുള്ള നിര്‍ഭാഗ്യവ്യക്തിത്വങ്ങളെക്കുറിച്ചും പോലീസില്‍ നിന്നും മറ്റും അവര്‍ക്ക് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെക്കുറിച്ചും ഉഷ (പത്മപ്രിയ) എന്ന പത്രപ്രവര്‍ത്തക എഴുതിയ പ്രതികൂല സ്വഭാവമുള്ള ലേഖനങ്ങള്‍ ലേഖിക തന്നെ നോക്കിനില്‍ക്കവേ പോലീസ് കത്തിച്ചുകളയുന്ന രംഗത്തിലൂടെ. ഈ രംഗം ഓരൊ എഴുത്തുകാരെയും ഇരുത്തിചിന്തിപ്പിക്കുന്ന ഒന്നാണ്. ഒരുനാള്‍ ഇന്ത്യയില്‍ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യപിക്കപ്പെട്ടാല്‍ നാം ഇന്ന് തമ്മില്‍ തമ്മില്‍ ബന്ധപ്പെടുന്ന ബ്ലോഗുകള്‍ പോലും നിരോധിക്കപ്പെട്ടേക്കാം.
ഇതൊക്കെയാണ് ‘പരദേശി’ എന്ന ചിത്രത്തിലെ ചില ഹൃദയസ്പര്‍ശിയായ രംഗങ്ങള്‍. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ കുഴപ്പങ്ങള്‍, പോലീസ് മര്‍ദ്ദനം, ഇന്ത്യ-പാക് ബന്ധത്തില്‍ സംഭവിച്ച പാളിച്ച മുതലായ അനേകം തലങ്ങളിലൂടെ ചിത്രം കടന്നുപോകുണു. മോഹന്‍ലാല്‍ തന്റെ ഏറ്റവും മികച്ച അഭിനയങ്ങളിലൊന്ന് കാഴ്ച് വയ്ക്കുന്നത് ഈ ചിത്രത്തിലാണ്. ‘ഒരേ കടലി‘നേക്കാള്‍ എന്തുകൊണ്ടും മികച്ച ചിത്രം. ഇത്രയേറെ മികച്ച ചിത്രമായിട്ടും , ഇതിന് ഇന്ത്യന്‍ പനോരമയില്‍ കടന്നുകൂടാനാകാത്തത് തികച്ചും അതിശയോക്തിപരമാണ്.
Verdict- സിനിമയെ ഗൌരവതരമായി കാണുന്നവര്‍, സമാന്തര സിനിമയെ സ്നേഹിക്കുന്നവര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രം

No comments:

സന്ദര്‍ശക നംബര്‍

ഇപ്പോള്‍ ഈ ബ്ലോഗ് വാ‍യിക്കുന്നവരുടെ എണ്ണം