Thursday, March 27, 2008

യവനിക- 25 വര്‍ഷങ്ങള്‍ക്ക് ശേഷം കാണുമ്പോള്‍

Rating-6.75 / 10



മലയാള സിനിമയിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെട്ട, ഇന്നും വിശേഷിപ്പിക്കപ്പെടുന്ന ‘യവനിക’ ഈയിടെ കാണാന്‍ ഇടയായി. തിരക്കഥയും സംവിധാനവും അഭിനയവും(ങ്ങളും) നന്നായെങ്കിലും ഒരു നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടാനുള്ള യോഗ്യത ഇതിനുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കഥാഗതി

ബ്ലോഗര്‍മാരില്‍ ഭൂരിപക്ഷവും ഈ സിനിമ കണ്ടിട്ടുള്ളതിനാലും കണ്ടിട്ടില്ലാത്തവരില്‍ ഭൂരിപക്ഷത്തിനും ഇതിന്റെ ഇതിവൃത്തം അറിയാം എന്നതിനാലും കഥ അധികം വിശദീകരിച്ച് പറയേണ്ടിവരും എന്ന് തോന്നുന്നില്ല. കൃഷ്ണപുരം ‘ഭാവന തിയേറ്റേഴ്സ്’‘ എന്ന നാടകസംഘത്തിലെ തബലിസ്റ്റായ അയ്യപ്പനെ(ഭരത് ഗോപി) കാണാതകുന്നു. ഇതിനെ തുടര്‍ന്നുള്ള പോലീസ് അന്വേഷണത്തിന്റെ കഥയാണ് യവനിക പറയുന്നത്. അയ്യപ്പന്‍ ഒരു തികഞ്ഞ ധിക്കാരിയാണ്. ലോകക്രമങ്ങളും നിയമങ്ങളും ഒന്നും അയാ‍ള്‍ക്ക് ബാധകമല്ല. അടിസ്ഥാനപരമായി അയാള്‍ ഒരു നാടോടിയാണ്. പോകുന്നിടത്തെല്ലാം അയാള്‍ക്ക് ഭാര്യമാരുണ്ടാകും.ഇത്തവണ അയ്യപ്പന്‍ സ്ത്രീ ലമ്പടന്‍ എന്നതിലുപരി ഒരു ചൂഷകന്റെ വേഷം കെട്ടുന്നു. ഇത്തവണത്തെ അയാളുടെ വേട്ടമൃഗമാണ് രോഹിണി(ജലജ). ദാരിദ്ര്യം കൊടികുത്തിവാഴുന്ന കുടുംബത്തിലെ അംഗമാണ് രോഹിണി. അയ്യപ്പനാണ് അവളെ നാടകരംഗത്തിലേക്ക് കൊണ്ടുവന്നത്. നാടകത്തില്‍ നിന്നും അവള്‍ക്ക് ലഭിക്കുന്ന പണം മുഴുവന്‍ അയാള്‍ ധൂര്‍ത്തടിക്കുന്നു.ഒരുനാള്‍ അയ്യപ്പന്റെ മൃതദേഹം ചാക്കില്‍ കെട്ടപ്പെട്ട നിലയില്‍ പോലീസ് കണ്ടെടുക്കുന്നു. ഒടുവില്‍ പ്രതീക്ഷിച്ചത് പോലെ നായികയായ രോഹിണിയുടെ കുറ്റസമ്മതത്തോടെ ടൈറ്റില്‍ തെളിയുന്നു.
ഒരു കുറ്റാന്വേഷണചിത്രം എന്നതിലുപരിയായി എന്താണ് ഈ ചിത്രത്തിലുള്ളതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. മറ്റു കുറ്റാന്വേഷണചിത്രങ്ങളിലുള്ള സസ്പെന്‍സും സങ്കീര്‍ണ്ണതയും ഇതിനില്ല.
അയ്യപ്പനെ അവതരിപ്പിച്ച ഭരത് ഗോപിയുടെ അഭിനയം നന്നായെങ്കിലും കഥാപാത്രത്തിന്റെ മനസ്സിന്റെ ഉള്ളറകളിലേക്ക് ആഴത്തില്‍ സംവിധായകന്‍ ഇറങ്ങിച്ചെല്ലുന്നില്ല. ധിക്കാരി,നാടോടി, സ്ത്രീ ലമ്പടന്‍, വഴക്കാളി,ദുഷ്ടന്‍ മുതലായ നിഷേധാത്മക മുദ്രകള്‍ ചാര്‍ത്തുക മാത്രമേ സംവിധായകനും തിരക്കഥാകൃത്തും ചെയ്തിട്ടുള്ളൂ. ‘ചെങ്കോലി‘ലെ സേതുമാധവന്‍ എന്ന കഥാപാത്രത്തേക്കാള്‍ എത്രയോ താഴെയാണ് യവനികയിലെ അയ്യപ്പന്‍.K.G.ജോര്‍ജ്ജ് എന്ന സംവിധായകന്‍ നാടകാവബോധത്തില്‍ നിന്ന് പുറത്ത് കടന്നിട്ടില്ല എന്നതും വ്യക്തമാണ്. യവനിക എന്നത് സിനിമ എന്നതിലുപരിയായി ഒരു നാടകമാണ്. സിനിമാറ്റിക് മൂലകങ്ങള്‍ സിനിമയിലെ ചില ഭാഗങ്ങളില്‍ മാത്രമേ ഉള്ളൂ. ചില അസ്വാഭാവികതകളും ഉണ്ട്. ജലജ, വേണു നാഗവള്ളി എന്നിവരുടെ കഥാപാത്രങ്ങളും വേണ്ടത്ര വികസിച്ചിട്ടില്ല. സ്ത്രീ പീഢനം ജോര്‍ജ്ജിന് ഇഷ്ടപ്പെട്ട വിഷയമാണെന്ന് തോന്നുന്നു!അദ്ദേഹത്തിന്റെ മറ്റ് ചില ചലച്ചിത്രങ്ങളും ഈ പ്രമേയത്തില്‍ തന്നെയാണ് ചെയ്യപ്പെട്ടത് (ഉദാ-ലേഖയുടെ മരണം-ഒരു ഫ്ലാഷ്ബാക്ക്).


ദോഷം മാത്രം പറയരുതല്ലോ. സിനിമാറ്റിക്കായ കുറ്റാന്വേഷണ രീതിയല്ല യവനികയിലുള്ളതെങ്കിലും ആധുനിക പോലീസ് മുറയിലുള്ള യഥാര്‍ഥ്യത്തിന് നിരക്കുന്ന കുറ്റാന്വേഷണ രീതിയാണ് യവനികയില്‍ നാം കാണുന്നത്. എല്ലാ നടന്മാരുടെയും നടികളുടെയും അഭിനയം മികച്ച നിലവാരം പുലര്‍ത്തി. സാധാ‍രണ സിനിമാ സംവിധായകര്‍ ചെയ്യുന്നത് പോലെ, ജലജയുടെ കഥാപാത്രവും വേണു നാഗവള്ളി അവതരിപ്പിച്ച കഥാപത്രവും പ്രണയിക്കുന്നതായി കെ.ജി.ജോര്‍ജ്ജ് ചിത്രീകരിച്ചില്ല എന്ന വസ്തുത ശ്രദ്ധേയമാണ്. പ്രണയേതര സ്ത്രീപുരുഷബന്ധങ്ങളുടെ ഊഷ്മളത പ്രകടീകരിക്കുന്ന തിരക്കഥാകൃത്തിന്റെ രചനാതന്ത്രം പ്രശംസനീയമാണ്. O.N.V കുറുപ്പ് രചിച്ച് എം.ബി.ശ്രീനിവാസന്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ ശ്രവണ മധുരമാണ്. ജഗതിയുടെ ഹാസ്യനമ്പരുകള്‍ ചിരി പടര്‍ത്തും.തീരെ വിരസമല്ല യവനിക. അനാവശ്യ സീനുകള്‍ ഉള്‍പ്പെടുത്താതിരിക്കാനും കഥാഗതി ഇടയ്ക്കിടെ മാറ്റി കാഴ്ച്ചക്കാരെ ആകര്‍ഷിക്കാനും നാടകീയത വരുത്താനും സംവിധായകന്‍ കാണിച്ച ശ്രദ്ധ പ്രശംസനീയമാണ്.
വിധിയെഴുത്ത്- ഒരു ’നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു സിനിമ കാണതിരിക്കുന്നത് ശരിയല്ല. പക്ഷെ,വളരെ നല്ല സിനിമ എന്ന് പ്രതീക്ഷിച്ച് ഈ സിനിമ കാണരുത്. നാഴികക്കല്ല് എന്ന് കേള്‍ക്കുമ്പോള്‍ ‘ചെമ്മീനെ’ഓര്‍ക്കാതിരിക്കുക. ജനപ്രിയതയുടെ ആഘോഷങ്ങള്‍ കൊണ്ട് മാത്രം ഒരു സിനിമയെ എത്ര മാത്രം പ്രശസ്തമാകുന്നു എന്ന് ‘യവനിക’ കാണുമ്പോള്‍ മനസ്സിലാകുന്നു.

Tuesday, March 4, 2008

കല്‍ക്കട്ട ന്യൂസ്-ഒരു നിരൂപണം


Rating- 5/10
താരജാടകളുടെ ‘പുണ്ണാക്ക്‘ ഹീറോയിസമില്ലാത്തതിനാലും വര്‍ത്തമാനകാലാവസ്ഥയില്‍ സ്ത്രീ നേരിട്ടുകൊണ്ടിരിക്കുന്ന

പ്രശ്നങ്ങളെ സത്യസന്ധതയോടെ ചിത്രീകരിച്ചിരിക്കുന്നതിനാലും ശ്രദ്ധേയമാണ് ‘കല്‍ക്കട്ടാ ന്യൂസ്’‘ എന്ന ചലച്ചിത്രം.

ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം കേന്ദ്രപ്രമേയമായത് മേന്മയുടെ മാറ്റ് വര്‍ദ്ധിപ്പിച്ചു. എങ്കില്‍ത്തന്നെയും

ബ്ലെസ്സിയുടെ മുന്‍ ചിത്രങ്ങളുടെ ഏഴയലത്ത്പോലും വരുന്നില്ല കല്‍ക്കട്ട ന്യൂസ്.

കഥാഗതി

ദൃശ്യമാധ്യമ പ്രവര്‍ത്തകനായ അജിത്ത് തോമസി (ദിലീപ്) ന്റെയും അയാളുടെ അന്വേഷണാത്മക

പത്രപ്രവര്‍ത്തനത്തിന്റെയും കഥയാണ് കല്‍ക്കട്ട ന്യൂസ് പറയുന്നത്. ‘shadows of calcutta' എന്നൊരു

അന്വേഷണാത്മക ചിത്രവും അയാള്‍ നിര്‍മ്മിക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ ക്യാമറയിലൂടെ പകര്‍ത്തപ്പെടുന്ന

കല്‍ക്കട്ട നഗരത്തിലെ യഥാര്‍ഥ സംഭവങ്ങളാണ് ‘shadows of calcutta'യിലെ ദൃശ്യങ്ങള്‍. ദുര്‍ഗ്ഗാ പൂജ

പകര്‍ത്താന്‍ മൊബൈല്‍ ഫോണുമായി പൂജ നടക്കുന്ന സ്ഥലത്തെത്തിയ കഥാനായകന്‍ രണ്ട് മലയാളി

ദംബതികളെ കണ്ടുമുട്ടുന്നു. ഹരി(ഇന്ദ്രജിത്ത്)യും കൃഷ്ണപ്രിയ(മീരാ ജാസ്മിന്‍)യും.
ദിവസങ്ങള്‍ക്കു ശേഷം ഹരി കൊല്ലപ്പെട്ടതായി അജിത്ത് കണ്ടെത്തുന്നു. ഒരു മുറിയില്‍ പൂട്ടിയിട്ടപ്പെട്ട

നിലയില്‍ കൃഷ്ണപ്രിയയെയും കണ്ടെത്തുന്നു.ഹരിയുടെ മരണവാര്‍ത്തയറിയുന്ന കൃഷ്ണപ്രിയ മാനസികമായി

തകരുന്നു.കൃഷ്ണപ്രിയയുടെ സംരക്ഷണം അജിത്ത് ഏറ്റെടുക്കുന്നു.തന്റെ സഹപ്രവര്‍ത്തകള്‍ക്കൊപ്പം അജിത്ത്

കൃഷ്ണപ്രിയയെ താമസിപ്പിക്കുന്നു. കൃഷ്ണപ്രിയ മാനസികനില വീണ്ടെടുക്കുന്നു. കഥാനായിക സംഭവങ്ങളുടെ ചുരുള്‍

ഒരോന്നായി അഴിക്കുന്നു.കല്‍ക്കട്ടയില്‍ പ്രവൃത്തിച്ചുവരുന്ന സെക്സ് റാക്കറ്റിന്റെ ഇരയായ്

ഒടുങ്ങേണ്ടിയിരുന്നവളായിരുന്നു കൃഷ്ണപ്രിയ. ഹരി അവളെ വിവാഹം കഴിച്ച് കല്‍ക്കട്ടയിലേക്ക് കൊണ്ടുവന്നത്

അവളെ വേശ്യാവൃത്തിക്ക് അയയ്ക്കാനായിരുന്നു. ഇതിന് കൃഷ്ണപ്രിയ വിസമ്മതിച്ചതോടെ ഹരി പിണങ്ങിപ്പോകുന്നു.

ഹരി ഇക്കാര്യത്തില്‍ ചിലരില്‍ നിന്നും പണം വാങ്ങിയിരുന്നു. ഒടുവില്‍ അവര്‍ തന്നെ ഹരിയെ വധിക്കുന്നു.

ജനപ്രീതിക്ക് വേണ്ടി ഒരു പ്രണയവും ബ്ലസി ചേര്‍ത്തിരിക്കുന്നു. അജിത്തും കൃഷ്ണപ്രിയയും പ്രണയബദ്ധരാകുന്നു.

ഒടുവില്‍ ഒരിക്കല്‍ക്കൂടി കൃഷ്ണപ്രിയ സെക്സ് റാക്കറ്റില്‍ പെടുന്നു.
അജിത്തും കൃഷ്ണപ്രിയയും പ്രണയിക്കേണ്ടതില്ലായിരുന്നു.ഇത് ഒരു ശുഭപര്യവസായി ആക്കേണ്ടതില്ലായിരുന്നു. ക്ലൈമാക്സ് മോശമായിരുന്നു എന്ന് തന്നെ പറയാം. ബ്ലാക്ക് മാജിക്ക് ആവശ്യമില്ലാതെ ചേര്‍ക്കേണ്ടതില്ലായിരുന്നു.സിനിമയുടെ സിംഹഭാഗവും അനാവശ്യ രംഗങ്ങളായിരുന്നു. മീര ജാസ്മിന്റെ അഭിനയം ഒരേ കടലിനെ ഓര്‍മ്മിപ്പിച്ചു. മീര ജാസ്മിന് മുഖ്യധാരാ സിനിമയില്‍ അഭിനയിക്കാനുള്ള പക്വത ഇല്ല. ദിലീപിന്റെ അഭിനയം മോശമായില്ല
Verdict- ഒരു നല്ല സിനിമയെന്നും ഒരു ജനപ്രിയ ചിത്രമെന്നും ഇതിനെ വിളിക്കാന്‍ കഴിയില്ല. നല്ല

സിനിമയെടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട സംവിധായകനെ നമുക്കിതില്‍ കാണാം. അധികം പ്രതീക്ഷ

പുലര്‍ത്താതെ തിയേറ്ററില്‍ പോകുന്നവര്‍ക്ക് ഒരു വിധം ആസ്വദിക്കാന്‍ കഴിയുന്ന ഒരു ചിത്രം.

സന്ദര്‍ശക നംബര്‍

ഇപ്പോള്‍ ഈ ബ്ലോഗ് വാ‍യിക്കുന്നവരുടെ എണ്ണം