Saturday, November 24, 2007

അന്ത്യാഭിലാഷം


തൂക്കിക്കൊല്ലുന്നതിന് മുന്‍പ് കുറ്റവാളിയോട്- അവസാനമായി എന്തെങ്കിലും ആ‍ഗ്രഹമുണ്ടോ?
കുറ്റവാളി- എന്താഗ്രഹവും സാധിച്ച് തരുമോ?
ആരാച്ചാര്‍-ചെറിയ ആഗ്രഹമാണെങ്കില്‍ തരും.
കുറ്റവാളി-എങ്കിലെനിക്കൊരു മാംബഴം തിന്നണം.
ആരാച്ചാര്‍- അതിന് ഇപ്പോള്‍ മാംബഴക്കാലം അല്ലല്ലോ.
കുറ്റവാളി- സാരമില്ല. ഞാന്‍ കാത്തിരുന്നോളാം.

Friday, November 23, 2007

ഫലിതം


മകന്‍-അച്ഛാ, പരീക്ഷാഫലം വന്നാല്‍ എനിക്കെന്ത് മേടിച്ച് തരും?
അച്ഛന്‍-പരീക്ഷയില്‍ ജയിച്ചാല്‍ ഞാന്‍ നിനക്ക് ബൈക്ക് മേടിച്ച് തരാം. തോറ്റാല്‍ ഓട്ടോറിക്ഷയും.

Wednesday, November 14, 2007

താരയുദ്ധം-ഒരു ആധുനിക കവിത


താരയുദ്ധം- ഒരു ആധുനിക കവിത

സംവിധായകര്‍ താരങ്ങളെ സൃഷ്ടിച്ചു,
താരങ്ങള്‍ ആരാധകരെ സൃഷ്ടിച്ചു,
സംവിധായകരും താരങ്ങളും ആരാധകരും കൂടി,
വഴക്ക് പങ്കിടുന്നു, ലഹള പങ്കിടുന്നു.

മമ്മുട്ടിയായി മോഹന്‍ലാലായി ദിലീപായി,
നമ്മെ കണ്ടാലറിയാതായി,
കേരളം ഭ്രാന്താലയമായി.
ലക്ഷം ലക്ഷം ആരാധകഹൃദയങ്ങള്‍
സ്ഫോടകവസ്തുക്കളായി.
ആരാധകര്‍ തെരുവില്‍ മരിക്കുന്നു,
താരങ്ങള്‍ ചിരിക്കുന്നു.

നന്മയെവിടെ, സഹോദര്യമെവിടെ,
അഭിപ്രായസ്വാതന്ത്ര്യമെവിടെ, നമ്മുടെ രക്തബന്ധങ്ങളെവിടെ,
ക്യാംബസ് രാഷ്ട്രീയമെവിടെ,
അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ചെയ്യറുള്ള
കള്ളവോട്ടുകളെവിടെ
നല്ല ചിത്രങ്ങള്‍ പരാജയപ്പെടുന്നു,
പ്രേക്ഷകര്‍ ചിരിക്കുന്നു.

Wednesday, October 31, 2007

പരദേശി-പാഠങ്ങളും പ്രധാന രംഗങ്ങളും


പരദേശി-പാഠങ്ങളും പ്രധാന രംഗങ്ങളും

Rating-8/10
വലിയകത്ത് മൂസ. ഇത്, ഇന്ന് സാംസ്കാരിക കേരളത്തിന് സുപരിചിതമായ പേരാണ്. അതെ, ‘പരദേശി’ എന്ന ചലച്ചിത്രം ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞു. താരജാടകളുടെ പുണ്ണാക്ക് ഹീറോയിസമില്ലാത്തതും വളരെയധികം പാഠങ്ങള്‍ നല്‍കുന്നതുമായ ഒരു ചിത്രമാണ് ‘പരദേശി’.
കേരളത്തില്‍ ജനിച്ചിട്ടും പാക്ക് പൌരനായി അഥവാ ചാരനായി മുദ്ര കുത്തപ്പെട്ട ‘വലിയകത്ത് മൂസ’യും മറ്റ് സമാന നിര്‍ഭാഗ്യവ്യക്തിത്വങ്ങളുടെയും കഥയാണ് പരദേശി പറയുന്നത്. വെറും മാംസപിണ്ഡത്തിന് സമാനനായ മനുഷ്യരെപ്പോലും പാക് ചാരന്മാരായി മുദ്ര കുത്തപ്പെടുന്ന ഭീകരമായ സ്ഥിതി വിശേഷത്തിന്റെ നേര്‍കാഴ്ച്ചയാണ് ഈ ചിത്രം. ദേശീയമായും പ്രാദേശികമായും വലിയ മാനങ്ങള്‍ ഉള്ളതിനാല്‍ പലരും തൊട്ടുനോക്കാന്‍ പോലും ധൈര്യം കാണിക്കാത്ത ഒരു പ്രമേയത്തെ ഒരു ചലച്ചിത്രമായി വികസിപ്പിക്കാന്‍ സംവിധായകനായ പി.ടി.കുഞ്ഞിമുഹമ്മദ് കാണിച്ച ധൈര്യം അസാമാന്യം തന്നെ.
ഈ ചിത്രത്തെ പറ്റി എനിക്ക് ധാരാളം എഴുതാനുണ്ട്. പക്ഷേ, സമയപരിമിതി, അതിന് അനുവദിക്കുന്നില്ല. അതിനാല്‍ തന്നെ ഹൃദയസ്പര്‍ശിയായ രംഗങ്ങളിലേക്ക് കടക്കാം.
1). ഹംസ എന്ന കഥാപാത്രം മനോരോഗിയാ‍കുംബോള്‍, അയാളുടെ ഭയവിഹ്വലമായ മനസ്സില്‍ നിന്നും ഊര്‍ന്നുവീഴുന്നത് ഒരേയൊരു വാക്ക് മാത്രം. ‘പോലീസ്’‘. ആ വാചകത്തിന്റെ വിദൂര മാറ്റൊലികള്‍ - 'ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍’. ഈ ജോണ്‍ എബ്രഹാം അവസാന രംഗത്തില്‍ മനോവിഭ്രാന്തിയാലും ഭയത്താലും അവശനായ ചെറിയാച്ചന്‍ എന്ന കഥാപാത്രത്തെ നാം കാണുന്നു. അവസാന രംഗത്തില്‍ അയാള്‍ തെങ്ങില്‍ നിന്നും വീണു മരിക്കുംബോള്‍ അയാളുടെ ചുണ്ടുകളില്‍ നിന്നും ഊര്‍ന്നുവീഴുന്നതും ഇതേ വാചകങ്ങള്‍‘പോലീസ്,പോലീസ്’.
എന്താണിതിന്റെ അര്‍ഥം? അടിയന്തരാവസ്ഥക്കാലത്ത് പോലീസിനുണ്ടായിരുന്ന അതേ മനോഭാവം ഇന്നും തുടരുന്നു എന്നല്ലേ?
2). ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടോ? ഈ ചോദ്യത്തിനും ‘പരദേശി’ ഉത്തരം നല്‍കുന്നു. പാക് പൌരന്മാരായി കഴിയുന്ന വലിയകത്ത് മൂസയെ പോലെയുള്ള നിര്‍ഭാഗ്യവ്യക്തിത്വങ്ങളെക്കുറിച്ചും പോലീസില്‍ നിന്നും മറ്റും അവര്‍ക്ക് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെക്കുറിച്ചും ഉഷ (പത്മപ്രിയ) എന്ന പത്രപ്രവര്‍ത്തക എഴുതിയ പ്രതികൂല സ്വഭാവമുള്ള ലേഖനങ്ങള്‍ ലേഖിക തന്നെ നോക്കിനില്‍ക്കവേ പോലീസ് കത്തിച്ചുകളയുന്ന രംഗത്തിലൂടെ. ഈ രംഗം ഓരൊ എഴുത്തുകാരെയും ഇരുത്തിചിന്തിപ്പിക്കുന്ന ഒന്നാണ്. ഒരുനാള്‍ ഇന്ത്യയില്‍ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യപിക്കപ്പെട്ടാല്‍ നാം ഇന്ന് തമ്മില്‍ തമ്മില്‍ ബന്ധപ്പെടുന്ന ബ്ലോഗുകള്‍ പോലും നിരോധിക്കപ്പെട്ടേക്കാം.
ഇതൊക്കെയാണ് ‘പരദേശി’ എന്ന ചിത്രത്തിലെ ചില ഹൃദയസ്പര്‍ശിയായ രംഗങ്ങള്‍. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ കുഴപ്പങ്ങള്‍, പോലീസ് മര്‍ദ്ദനം, ഇന്ത്യ-പാക് ബന്ധത്തില്‍ സംഭവിച്ച പാളിച്ച മുതലായ അനേകം തലങ്ങളിലൂടെ ചിത്രം കടന്നുപോകുണു. മോഹന്‍ലാല്‍ തന്റെ ഏറ്റവും മികച്ച അഭിനയങ്ങളിലൊന്ന് കാഴ്ച് വയ്ക്കുന്നത് ഈ ചിത്രത്തിലാണ്. ‘ഒരേ കടലി‘നേക്കാള്‍ എന്തുകൊണ്ടും മികച്ച ചിത്രം. ഇത്രയേറെ മികച്ച ചിത്രമായിട്ടും , ഇതിന് ഇന്ത്യന്‍ പനോരമയില്‍ കടന്നുകൂടാനാകാത്തത് തികച്ചും അതിശയോക്തിപരമാണ്.
Verdict- സിനിമയെ ഗൌരവതരമായി കാണുന്നവര്‍, സമാന്തര സിനിമയെ സ്നേഹിക്കുന്നവര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രം

Monday, October 29, 2007

അറബിക്കഥ-ഒരു വിയോജനകുറിപ്പ്


അറബിക്കഥ-ഒരു വിയോജനക്കുറിപ്പ്

Rating-5/10
അറബിക്കഥയെക്കുറിച്ച് ദൃശ്യമാധ്യമങ്ങളും അച്ചടിമാധ്യമങ്ങളും നടത്തുന്ന പ്രചരണങ്ങള്‍ വെറും കുപ്രചരണങ്ങളാണ് എന്ന് വ്യക്തം. യഥാര്‍ഥത്തില്‍ എഴുത്തുകാരും പത്രപ്രവര്‍ത്തകരും ‘അറബിക്കഥ’യുടെ ആസൂത്രിതമായ വിപണന തന്ത്രത്തീല്‍ കുടുങ്ങിയിരിക്കുന്നു.ഏതെങ്കിലും പ്രസ്ഥാനത്തെ വിമര്‍ശിച്ചാല്‍ വിവാദം സൃഷ്ടിക്കപ്പെടും. വിവാദങ്ങള്‍ സൃഷ്ടിക്കപ്പെടുംബോള്‍ സിനിമ വിജയിക്കും. ഇതേ മാര്‍ക്കറ്റിങ്ങ് തന്ത്രമാണ് ‘അറബിക്കഥ’യിലും പ്രയോഗിക്കപ്പെട്ടിരിക്കുന്നത്. കേന്ദ്രകഥാപാത്രത്തിന്റെ ചൈന ക്യൂബ പ്രണയവും കുറേ മണ്ടന്‍ ചോദ്യങ്ങളും അല്ലാതെ ഈ ചിത്രത്തില്‍ കാര്യമായൊന്നുമില്ല. കമ്മ്യൂണിസത്തിന്റെ പ്രത്യയശാസ്ത്രത്തെ കുറിച്ചോ ഒരു കമ്മ്യൂണിസ്റ്റിന്റെ കര്‍മ്മ-ധര്‍മ്മ പഥങ്ങളെ കുറിച്ചോ തിരക്കഥാകൃത്തിനും സംവിധായകനും വ്യക്തമായ അവബൊധം ഇല്ലെന്നതും വ്യക്തമാണ്. കമ്മ്യൂണിസത്തെ കുറിച്ച് ‘വലിയ വായില്‍’ പലതും പറയുന്നുണ്ടെങ്കിലും എങ്ങനെ കമ്മ്യൂണിസം നടപ്പിലാക്കാം എന്നതിനെക്കുറിച്ചോ തൊഴിലാളിവര്‍ഗം ഇന്ന് നേരിടുന്ന പ്രശ്നങ്ങളെ എങ്ങനെ തരണം ചെയ്യാം എന്നതിനെക്കുറിച്ചോ ഒരു ഡയലോഗ് പോലുമില്ല ഈ ചിത്രത്തില്‍. മിക്ക രാഷ്ട്രീയ ചിത്രങ്ങളിലും നാം കാണുന്ന അഴിമതിക്കാരനായ രാഷ്ടീയക്കാരന്‍, സത്യസന്ധനായ രാഷ്ട്രീയക്കാരന്‍, ആത്മാര്‍ഥതയുള്ള സുഹൃത്ത് മുതലായ കഥാപാത്രങ്ങള്‍ ഈ ചിത്രത്തിലുമുണ്ട്. അഴിമതിക്കാരനായ രാഷ്ട്രീയക്കാരനെക്കൊണ്ട് ജനം പൊറുതിമുട്ടുന്നതും അന്ത്യത്തില്‍ സത്യവും ധര്‍മ്മവും നീതിയും ജയിക്കുന്നതുമാണ് ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഈ ചിത്രത്തിന്റെ കഥ. ഇത് തന്നെയാണ് എല്ലാ രാഷ്ട്രീയ ചലച്ചിത്രങ്ങളുടെയും കഥ. അതായത് ആ‍ഖ്യാനത്തിലും കഥാപാത്രഘടനയിലും ഈ ചിത്രം ഒരു പുതുമയും വാഗ്ദാനം ചെയ്യുന്നില്ല. ‘സന്ദേശം’ എന്ന ചലച്ചിത്രവുമായി ചിലര്‍ ഇതിനെ താരതമ്യം ചെയ്തു കണ്ടു. ‘സന്ദേശം’ സാമൂഹിക മനസ്സാക്ഷിയെ തൊട്ടുണര്‍ത്തുകയും കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ നിശിതമായി വിമര്‍ശിക്കുകയും ചെയ്ത ഒരു ചിത്രമാണ്. അത്തരമൊരു ചിത്രമല്ല . ‘ ആച്ഛനുറങ്ങാത്ത വീടും‘‘ വാസ്തവവും‘ എല്ലാം ഇതിനേക്കാള്‍ എത്രയോ മികച്ച ചിത്രങ്ങളാണ്. എങ്കിലും അവയെ കുറിച്ചൊന്നും ചര്‍ച്ച ചെയ്യാതെ ഇതിനെക്കുറിച്ച് നമ്മുടെ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തത് അതിശയോക്തിപരമാണ്.
Verdict- മാധ്യമങ്ങളുടെ കുപ്രചരണങ്ങള്‍ വിശ്വസിച്ചവരെ ചിത്രം നിരാശരാക്കും

സന്ദര്‍ശക നംബര്‍

ഇപ്പോള്‍ ഈ ബ്ലോഗ് വാ‍യിക്കുന്നവരുടെ എണ്ണം