Wednesday, September 22, 2010

കോമൺവെൽത്ത് ഗെയിംസ്-പാഴാക്കിയ സുവർണ്ണാവസരം


കോമൺവെൽത്ത് ഗെയിംസ് വിവാദം മുറുകുകയാണ്. ഗെയിംസിന്റെ പേരിലുള്ള അഴിമതിയും കുടിയൊഴിപ്പിക്കലുകളും തൊഴിലാളി ചൂഷണവും വെളിച്ചത്ത് വന്നു കഴിഞ്ഞു. ഇന്ത്യ കോമൺവെൽത്ത് ഗെയിംസ് നടത്തേണ്ടിയിരുന്നില്ല എന്ന മുൻ കേന്ദ്ര കായികമന്ത്രി മണി ശങ്കർ അയ്യരുടെ പ്രസ്താവന വിവാദമായി. കോമൺവെൽത്ത് ഗെയിംസ് , ഒളിമ്പിക്സ് മുതലായ ലോകകായികമേളകൾ നിരോധിക്കണമെന്ന് പോലും പല വിചക്ഷണന്മാരും അഭിപ്രായപ്പെട്ടു.
കോമൺവെൽത്ത് ഗെയിംസ് നിരോധിക്കുന്നത് കടുത്ത നടപടിയാകും. കോമൺവെൽത്ത് ഗെയിംസിനായി ഇന്ത്യ ചെലവഴിച്ച 35000 കോടി രൂപ പാഴ്ചെലവ് തന്നെ.പക്ഷെ, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗെയിംസ് മനോഹരമാക്കുന്നത് അഭിമാനപ്രശ്നമാണ്. അതിന്, ഇത്രയും തന്നെ ചെലവഴിക്കേണ്ടിവരും. കോമൺവെൽത്ത് ഗെയിംസ് യഥാർഥത്തിൽ നാം പാഴാക്കിയ സുവർണ്ണാവസരമായിരുന്നു.നമ്മുടെ ഭരണകൂടം കുറച്ചുകൂടി തല പുകച്ചിരുന്നെങ്കിൽ ഒരു ‘വെള്ളാന’ എന്നതിനു പകരം വികസനത്തിലേക്കുള്ള പാതയായി നമുക്ക് ഗെയിംസിനെ മാറ്റിയെടുക്കാമായിരുന്നു.

പാഴാക്കിയ സുവർണ്ണാവസരം
ഡെൽഹി പോലെയൊരു വൻ നഗരത്തെ കോമൺവെൽത്ത് ഗെയിംസിന്റെ വേദിയാക്കാൻ തീരുമാനിച്ചതാണ് നമ്മുടെ ഭരണകൂടത്തിന് സംഭവിച്ച ഏറ്റവും വലിയ പിഴവ്
2002-ൽ ബ്രിട്ടനിലെ മാഞ്ചസ്റ്ററിൽ വച്ച് നടന്ന കോമൺവെൽത്ത് ഗെയിംസാണ് നമുക്ക് പാഠമാകേണ്ടിയിരുന്നത്. ബ്രിട്ടനിലെ തുണി വ്യവസായം തകർന്നതോടെ, തുണിവ്യവസായത്തിന്റെ കേന്ദ്രമായിരുന്ന മാഞ്ചസ്റ്ററും ക്ഷയിച്ചു. അതോടെ, അവിടെ തൊഴിലില്ലായ്മയും ദാരിദ്ര്യവും നടമാടി. ആ നഗരത്തെ പുനരുജ്ജീവിപ്പിച്ചത് അവിടെ നടന്ന കോമൺവെൽത്ത് ഗെയിംസാണ്. ഗെയിംസ് തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. വ്യവസായപുരോഗതിയ്ക്കാവശ്യമായ കെട്ടിടങ്ങളും മറ്റും അവിടെ ഉയർന്നുവന്നു.ഇപ്പോൾ മാഞ്ചസ്റ്റർ യൂറോപ്പിലെ ഏറ്റവും ഉയർന്ന ജീവിതനിലവാരമുള്ള നഗരങ്ങളിലൊന്നാണ്.
നാം മാഞ്ചസ്റ്ററിന്റെ പാത പിന്തുടർന്നിരുന്നെങ്കിൽ, അത് അവികസിത പ്രദേശങ്ങളെ വികസനത്തിന്റെ പന്ഥാവിലേക്കുയർത്തുക എന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്കുള്ള കുതിച്ചുചാട്ടമായേനെ. ആധുനിക വികസനം കടന്നുചെന്നിട്ടില്ലാത്ത എത്രയോ പ്രദേശങ്ങൾ ബീഹാർ, രാജസ്ഥാൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലുണ്ട്. അവിടെ ഗെയിംസ് നടത്തിയിരുന്നെങ്കിൽ ആ പ്രദേശങ്ങളും വികസനത്തിന്റെ പന്ഥാവിലേക്കുയർന്നേനെ. ഇത്രയും പേരെ കുടിയൊഴിപ്പിക്കേണ്ടിയും വരില്ലായിരുന്നു. ഡെൽഹിയിൽ കോമൺവെൽത്ത് ഗെയിംസ് നടത്തുക വഴി ഭരണകൂടത്തിന്റെ സംഘാടകർ എന്ന നിലയിലുള്ള അപചയമാണ് പുറത്തുവന്നിരിക്കുന്നത്.

കോമൺവെൽത്ത് ഗെയിംസ് വിജയിക്കാതിരിക്കട്ടെ
ഡെൽഹിയിൽ വച്ച് നടക്കാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസ് വിജയിക്കാതിരിക്കട്ടെ എന്നതാണ് ഒരു ഭാരതീയൻ എന്ന നിലയിൽ എന്റെ ആഗ്രഹം. കാരണം, കോമൺവെൽത്ത് ഗെയിംസ് വിജയിച്ചാൽ, വൈകാതെ നമ്മുടെ രാജ്യം ഒളിമ്പിക്സിന് വേദിയാകും. മുൻപ് സംഭവിച്ച പിഴവുകളിൽ നിന്ന് പാഠം പഠിക്കാത്ത നമ്മുടെ ഭരണകൂടം മാഞ്ചസ്റ്റർ മാതൃക പിന്തുടരാതെ വീണ്ടും നമ്മുടെ ഭരണകൂടം ഡെൽഹിയെത്തന്നെ ഒളിമ്പിക്സിന്റെ വേദിയായി സ്വീകരിക്കും. അങ്ങനെ സംഭവിച്ചാൽ, കോണാട്ട് പ്ലേസും ചാണക്യപുരിയും ഒന്നുമില്ലാത്ത ഡെൽഹിയായിരിക്കും ഭാവിയിൽ കാണേണ്ടിവരിക.

No comments:

സന്ദര്‍ശക നംബര്‍

ഇപ്പോള്‍ ഈ ബ്ലോഗ് വാ‍യിക്കുന്നവരുടെ എണ്ണം