Sunday, September 5, 2010

വിദേശ സർവ്വകലാശാലകൾക്കുള്ള തുറന്ന വാതിലിലൂടെ കടന്നുവരാൻ പോകുന്നത്



വിദ്യാഭ്യാസ അവകാശ നിയമം, CBSE പത്താം ക്ലാസ് പരീക്ഷയിലെ ഗ്രേഡിങ്ങ് സമ്പ്രദായം മുതലായ പരിഷ്കാരങ്ങൾ നടപ്പിലാക്കുക വഴി യു.പി.എ സർക്കാർ തങ്ങളുടെ ലക്ഷ്യം ഇന്ത്യൻ പ്രാഥമിക വിദ്യാഭ്യാസമേഖലയെ അഴിച്ചുപണിയുക എന്നതാണെന്ന് തെളിയിച്ചു കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസമേഖലയെയും ‘വെറുതെ വിടില്ലെ’ന്ന ദൃഢനിശ്ചയം കേന്ദ്രസർക്കാരിനുണ്ടെന്ന് തോന്നിപ്പിക്കുന്നതാണ് വിദേശസർവ്വകലാശാലകൾക്ക് ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ രംഗത്തേയ്ക്കുള്ള വാതിൽ തുറന്ന് കൊടുക്കാനുള്ള അതിന്റെ പുതിയ പദ്ധതി. മെയ് മൂന്നിന് പാർലമെന്റിൽ അവതരിപ്പിച്ച ഈ ബിൽ പ്രാബല്യത്തിൽ വരാൻ പാർലമെന്റിൽ വോട്ടിനിടുകയും പാസ്സാകുകയും ചെയ്താൽ മാത്രം മതി. വിദ്യാഭ്യാസ അവകാശ നിയമത്തിലൂടെ ഏവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തെ കൈവരിക്കാൻ ശ്രമിച്ച കേന്ദ്രസർക്കാർ ഈ പദ്ധതിയിലൂടെ ആ ലക്ഷ്യത്തിൽ നിന്നും ഒരടി പിന്നോട്ടു പോകുകയാണ് ചെയ്തത്. ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസം സമ്പന്നന്റെ മാത്രം സ്വത്താക്കി തീർക്കാനുള്ള ഒരു ശ്രമമാണ് ഈ പദ്ധതി. വൈദേശികമായതെന്തും മുള്ളോടെ വിഴുങ്ങാൻ തയ്യാറുള്ള ഇന്ത്യൻ ഉന്നത മദ്ധ്യവർഗത്തെ പ്രീണിപ്പിക്കുക എന്നൊരു ലക്ഷ്യം കൂടി ഈ ബില്ലിനുണ്ട്.

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ ഇന്നത്തെ അവസ്ഥ

ഒന്നേകാൽക്കോടി വിദ്യാർഥികൾ ആശ്രയിക്കുന്ന നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗം വിദ്യാർഥികളുടെ എണ്ണത്തിന്റെ കാര്യത്തിൽ ലോകത്തിൽ തന്നെ മൂന്നാംസ്ഥാനത്താണ്.പക്ഷെ,18 മുതൽ 24 വയസ്സ് വരെ പ്രായമുള്ള ഇന്ത്യൻ യുവാക്കളുടെ വെറും ഏഴര ശതമാനമാണ് ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കുന്നത്. എന്നാൽ മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ ഇത് ശരാശരി 15 ശതമാനമാണ്.ഒപ്പം, പത്താം ക്ലാസ്-പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിലെ വിജയശതമാനം അനുവർഷം വർദ്ധിച്ചുവരുന്നു. ഇത് സൂചിപ്പിക്കുന്നത്, ഇപ്പോഴുള്ളതിന്റെ ഇരട്ടിയെങ്കിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ വരും വർഷങ്ങളിൽ ആവശ്യ മായിവരും എന്നാണ്.
ഉന്നതവിദ്യാഭ്യാസരംഗത്തെ നിലവാരത്തകർച്ച ഇതിലും ഗൌരവമേറിയ പ്രശ്നമാണ്. ഐ.ഐ.ടിയും ഐ.ഐ.എമ്മും ഒഴികെയുള്ള ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ ഒന്നും തന്നെ അന്താരാഷ്ട്ര റാങ്കിങ്ങിൽ ഉൾപ്പെടുന്നില്ല.വെറും ഗുമസ്തന്മാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടീഷുകാർ ആവിഷ്കരിച്ച അതേ പാഠ്യപദ്ധതിയാണ് പല ഇന്ത്യൻ സർവ്വകലാശാലകളും ഇപ്പോഴും പിന്തുടരുന്നത്.

പദ്ധതിയുടെ പ്രധാന സവിശേഷതകൾ

2000-ൽ വാജ്പെയ് സർക്കാർ വിദ്യാഭ്യാസ രംഗത്ത് നൂറ് ശതമാനം വിദേശനിക്ഷേപം അനുവദിക്കുക വഴി വിദ്യാഭ്യാസ രംഗത്തേക്കുള്ള വാതിൽ വിദേശികൾക്കായി പകുതി തുറന്ന് കൊടുത്തു. വിദ്യാഭ്യാസ രംഗത്തെ ഉദാരവൽക്കരണം പൂർത്തിയാക്കുന്നതാണ് കേന്ദ്രസർക്കാരിന്റെ ഈ പദ്ധതി.
ഈ പദ്ധതിയനുസരിച്ച് 11 ദശലക്ഷം ഡോളർ ഇന്ത്യയിൽ നിക്ഷേപിക്കാൻ തയ്യാറുള്ള ഏത് വിദേശസർവ്വകലാശാലയ്ക്കും ഇന്ത്യയിൽ ക്യാമ്പസ് തുടങ്ങാം.ഇവിടെ പഠിക്കുന്നവർക്ക് അതത് സർവ്വകലാശാലകൾ തന്നെ ബിരുദവും ഡിപ്ലോമായും നൽകും. ഇവ ഇന്ത്യൻ സർവ്വകലാശാലകൾ നൽകുന്ന ബിരുദത്തിനും ഡിപ്ലോമായ്ക്കും തുല്യമായി പരിഗണിക്കും. വ്യവസ്ഥയനുസരിച്ച്, വിദേശ സർവ്വകലാശാലകൾക്ക് ഇന്ത്യയിലെ ക്യാമ്പസിൽ നിന്നും ലഭിക്കുന്ന ലാഭം വിദേശത്തേക്ക് കടത്താൻ പാടില്ല. അത് ഇന്ത്യൻ ക്യാമ്പസിന്റെ വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കണമെന്ന് ഈ നിയമം അനുശാസിക്കുന്നു. വിദേശ സർവ്വകലാശാലകളുടെ ഇന്ത്യൻ ക്യാമ്പസുകൾ ഈടാക്കുന്ന ഫീസ്, സീറ്റ് സംവരണം തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ ഇടപെടില്ല. വിദേശ സർവ്വകലാശാലകൾക്ക് അവർക്കിഷ്ടമുള്ള സിലബസ് പിന്തുടരാം. അവർക്കിഷ്ടമുള്ള ആരെയും അധ്യാപകരാക്കാം.ഈ വിഷയങ്ങളിലും സർക്കാർ കൈ കടത്തില്ല.ഇങ്ങനെ ഈ ബിൽ സർക്കാരിനെ ഒരു ഭരണകേന്ദ്രം എന്ന സ്ഥാനത്തുനിന്നും ഒരു അതിഥേയൻ എന്ന നിലയിലേക്ക് തരം താഴ്ത്തുന്നു.
ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ നിലവാരം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ പദ്ധതി പ്രാവർത്തികമാക്കാ‍ൻ ബുദ്ധിമുട്ടാണ്. ഇനി, അത് നടപ്പിലായാൽ ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ രംഗത്തെത്തന്നെ ‘പൊളിച്ച’ടുക്കുന്ന ഫലങ്ങളായിരിക്കും അത് സൃഷ്ടിക്കുക.

ഈ പദ്ധതി നടപ്പിലാവില്ല്ല്ല

വിദേശസർവ്വകലാശാ‍ലകൾ നമ്മുടെ നാട്ടിൽ വരുന്നത് നാം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനാണ് എന്നത് ഈ പദ്ധതി തയ്യാറാക്കിയവരുടെ മിഥ്യാധാരണ മാത്രമാണ്. മറ്റ് രാജ്യങ്ങളും ഉന്നതവിദ്യാഭ്യാസമേഖലയിൽ പ്രശ്നങ്ങൾ നേരിടുന്നുണ്ട് (സാമ്പത്തികപ്രശ്നങ്ങളുൾപ്പടെ).അതുകൊണ്ട്, വിദേശസർവ്വകലാശാലകൾ ഇന്ത്യയിൽ വരുന്നത് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനായിരിക്കും.അതിനാൽ, ഇന്ന് സർവ്വകലാശാലകളുടെ ലക്ഷ്യം വിജ്ഞാന വ്യാപനം മാത്രമല്ല. പ്രധാനമായും അവരുടെ കണ്ണ് ലാഭത്തിലാണ്.ഈ പദ്ധതിയിലെ ഒരു പ്രധാന വ്യവസ്ഥ, വിദേശസർവ്വകലാ‍ശാലകളുടെ ഇന്ത്യൻ ക്യാമ്പസുകളിൽ നിന്നും ലഭിക്കുന്ന ലാഭം വിദേശമണ്ണിലേക്ക് കടത്താൻ പാടില്ല എന്നതാണെന്ന് പ്രതിപാദിച്ചല്ലോ. ഭാവിയിൽ, വിദേശസർവ്വകലാശാലകളുടെ മേലുള്ള ഇന്ത്യൻ ഭരണകൂടത്തിന്റെ നിയന്ത്രണം ശക്തമാണെങ്കിൽ,ലാഭം കിട്ടാത്തതിനാൽ വിദേശസർവ്വകലാശാലകളൊന്നും തന്നെ ഇവിടെ ക്യമ്പസ് തുടങ്ങില്ല. മറിച്ചാണെങ്കിൽ, വിദ്യാഭ്യാസക്കച്ചവടമായിരിക്കും ഇവിടെ അരങ്ങേറുക.
മാത്രമല്ല,ഇന്ത്യയിൽ ക്യാമ്പസ് തുടങ്ങണമെങ്കിൽ സാമാന്യം വലിയ തുകയായ 11 ദശലക്ഷം ഡോളർ മുടക്കണം എന്ന വ്യവസ്ഥയും വിദേശസർവ്വകലാശാലകളെ നിരുത്സാഹപ്പെടുത്താൻ സാദ്ധ്യതയുണ്ട്.

ഈ പദ്ധതി നടപ്പിലായാൽ!

ഇന്ത്യൻ വിദ്യാർഥികൾക്ക് വിദേശത്ത് പോകാതെ തന്നെ അന്തർദേശീയ നിലവാരമുള്ള സർവ്വകലാശാലകളിൽ നിന്ന് ബിരുദവും ഇതര യോഗ്യതകളും നേടാൻ സഹായിക്കുന്ന ഒരു പദ്ധതിയാണ് പ്രഥമ ദൃഷ്ടിയിൽ ഇത്. പക്ഷേ സൂക്ഷ്മ ദൃഷ്ടിയിൽ , ഗുണത്തെക്കാളേറെ ദോഷമാണ് ഈ പദ്ധതി നടപ്പിലായാൽ സംഭവിക്കുക എന്ന് മനസ്സിലാക്കാം.
വിദ്യാഭ്യാസത്തെ ഇറക്കുമതി ചെയ്യാവുന്ന ഒരു ചരക്കായി കാണുന്നു എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പിഴവ്.വിദ്യാഭ്യാസം പണം മുടക്കി സ്വന്തമാക്കാവുന്ന ചരക്കല്ല. മറിച്ച് അതൊരു സാമൂഹ്യ പ്രക്രിയയാണ്. അതുകൊണ്ട്, അതൊരിക്കലും വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യേണ്ട ഒന്നല്ല. മറിച്ച്, നാം തന്നെ സ്വപ്രയത്നത്താൽ സമ്പാദിക്കേണ്ട ഒരു നിധിയാണ്. ഈ വസ്തുത പാടെ വിസ്മരിച്ചതാണ് ഈ പദ്ധതി രാജ്യതാല്പര്യങ്ങൾക്ക് വിരുദ്ധമായിത്തീരുന്നത്.
ഇന്ന് ഒരു ലക്ഷത്തിൽ പരം ഇന്ത്യൻ വിദ്യാർഥികൾ ഉപരിപഠനത്തിനായി വിദേശത്ത് പോകുന്നു. വിദേശസർവ്വകലാശാലകൾക്ക് ഇന്ത്യയിൽ ക്യാമ്പസ് തുടങ്ങാൻ അനുമതി നൽകിയാൽ ഇന്ത്യൻ വിദ്യാർഥികൾ വിദേശത്ത് പോകില്ലെന്നും അതുവഴി ഇന്ത്യ നേരിടുന്ന ഒരു പ്രമുഖ പ്രശ്നമായ പ്രതിഭാശാലികളുടെ ഒഴുകിപ്പോക്ക് (മസ്തിഷ്കച്ചോർച്ച) പരിഹരിക്കാനാകഉമെന്നുമാണ് ഈ നയത്തിന്റെ വക്താക്കളായ വിദ്യാഭ്യാസ വിചക്ഷണന്മാർ വാദിക്കുന്നത്. ഈ വാദം പൊള്ളയാണെന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും.ഇപ്പോൾ ഉപരിപഠനത്തിനായി വിദേശത്ത് പോകുന്ന വിദ്യാർഥികളുടെ മുഖ്യ ലക്ഷ്യം വിദ്യാഭ്യാസമല്ല. വിദേശത്ത് ലക്ഷങ്ങൾ മാസശമ്പളമുള്ള ഉദ്യോഗമാണ് അവരുടെ ലക്ഷ്യം.അതിനാൽ,ലോകത്തിലെ ഏറ്റവും മികച്ച വിദേശസർവ്വകലാശാല ഇന്ത്യയിൽ ക്യാമ്പസ് തുടങ്ങിയാൽ പോലും മസ്തിഷ്കച്ചോർച്ച എന്ന പ്രതിഭാസത്തെ തടഞ്ഞുനിർത്താൻ അതിനു കഴിയില്ല എന്നത് സ്പഷ്ടമാണ്.
വിദേശസർവ്വകലാശാലകളുടെ ഇന്ത്യൻ ക്യാമ്പസ് സ്വകാര്യ മേഖലമേഖലയുടെ പരിധിയിലാണ് പെടുക. വിദ്യാഭ്യാസ രംഗം സ്വകാര്യ മേഖലയെ ഏല്പിച്ചാൽ വിദ്യാഭ്യാസത്തിന്റെ നിലവാ‍രം ഉയരും എന്നത് ഒരു മിഥ്യാധാരണയാണ്. മറിച്ച്, അതിന് മൂല്യശോഷണം സംഭവിക്കുകയാണ് പതിവ്. സ്വാശ്രയകോളേജ് എന്ന ലേബലിന് പിന്നിൽ നടക്കുന്നത് നഗ്നമായ വിദ്യാഭ്യാസക്കച്ചവടമാണ്. സ്വാശ്രയകോളെജുകൾ എന്തെങ്കിലും വില്പനച്ചരക്കാക്കാതിരിക്കുന്നുണ്ടെങ്കിൽ അത് യു.ജി.സി എന്ന പേരിൽ സർക്കാർ ഇടപെടൽ ഉള്ളതുകൊണ്ട് മാത്രമാണ്. വിദേശസർവ്വകലാശാലകൾ അനുവദിക്കുന്നതിന് മുൻപ് അവയെ നിയന്ത്രിക്കാനുള്ള ഒരു സംവിധാനവും സർക്കാർ ഇതുവരെ ഒരുക്കിയിട്ടില്ല. ഇനി ഒരുക്കുമെന്ന് കരുതാനും വയ്യ. കാരണം, ബില്ലിലെ ഒരു വകുപ്പുപ്രകാരം, നിയമം പ്രാബല്യത്തിൽ വന്ന് രണ്ട് വർഷത്തിനുള്ളിൽ മാത്രമേ സർക്കാരിന് ഭേദഗതിയ്ക്ക് അവകാശമുള്ളൂ. ഈ രണ്ട് വർഷ കാലാവധിയ്ക്കുള്ളിൽ തന്നെ, നിലവിലുള്ള വകുപ്പുകളെ വ്യാഖ്യാനിക്കുന്ന തരത്തിലുള്ള ഭേദഗതികൾ മാത്രമേ നടത്താവൂ എന്നും പുതിയ വകുപ്പുകൾ കൂട്ടിച്ചേർക്കാൻ സർക്കാരിന് അവകാശമില്ലെന്നും ബിൽ പ്രസ്താവിക്കുന്നു. ഈ വകുപ്പുകൾ, വിദേശസർവ്വകലാശാല എന്ന ലേബലിന്റെ മറവിൽ നഗ്നമായ വിദ്യാഭ്യാസക്കച്ചവടം നടത്തുന്ന ബഹുരാഷ്ട്രക്കുത്തകകളെ സഹായിക്കാനുള്ളതാണ് സർക്കാരിന്റെ പുതിയ നിയമനിർമ്മാണം എന്ന് തെളിയിക്കുന്നു.
രണ്ട് സ്ഥാപനങ്ങൾ തമ്മിലുള്ള മത്സരം രണ്ടിന്റെയും നിലവാരം വർദ്ധിപ്പിക്കുമെന്നതാണല്ലോ നിയോ-ലിബറൽ കാഴ്ചപ്പാട്. ഈ കാഴ്ച്ചപ്പാടുള്ള വിദ്യാഭ്യാസവിചക്ഷണന്മാരുടെ അഭിപ്രായത്തിൽ വിദേശസർവ്വകലാശാലകളുടെ കടന്നുവരവ് ദേശീയ സർവ്വകലാശാലകളും വിദേശസർവ്വകലാശാലകളും തമ്മിലുള്ള മത്സരത്തിലേക്ക് വഴി തെളിയ്ക്കുമെന്നും ആ മത്സരം ദേശീയസർവ്വകലാശാലകളുടെ ഉന്നമനത്തിലേക്ക് നയിക്കുമെന്നും വാദിക്കുന്നു. പക്ഷേ, നാം മനസ്സിലാക്കേണ്ട ഒരു വസ്തുത, ഈ മത്സരം ശക്തമായ വിദേശസർവ്വകലാശാലകളും ദുർബ്ബലമായ ദേശീയ സർവ്വകലാശാലകളും തമ്മിലായിരിക്കുമെന്നതാണ്.ഇത്തരമൊരു മത്സരത്തിൽ ദുർബ്ബലമായ കക്ഷി പരാജയപ്പെടുമെന്നത് പ്രകൃതിനിയമമാണ്. ഈ പരിപ്രേക്ഷ്യത്തിൽ നോക്കുമ്പോൾ, വിദേശസർവ്വകലാശാലകളുടെ കടന്നാക്രമണത്തിൽ(അഥവാ മത്സരത്തിൽ) ദേശീയ സർവ്വകലാശാലകളുടെ ആണിക്കല്ലിളകാനാണ് സാധ്യത. എങ്ങനെയെന്ന് പരിശോധിക്കാം.ഇന്ത്യൻ സർവ്വകലാശാലകൾ നേരിടുന്ന പ്രധാന പ്രതിസന്ധി പ്രഗൽഭരായ അധ്യാപകരുടെ ദൌർലഭ്യമാണ്. വിദേശസർവ്വകലാശാലകൾ ഇന്ത്യൻ ക്യാമ്പസുകൾ കൂടി തുടങ്ങുമ്പോൾ ഈ പ്രശ്നം രൂക്ഷമാകും. അപ്പോൾ, കൂടുതൽ പണമുള്ള വിദേശസർവ്വകലാശാലകൾ,പ്രതിഭാധനരായ അധ്യാപകരെ മുഴുവൻ റാഞ്ചിക്കൊണ്ടുപോകും.ബാക്കി വരുന്ന യോഗ്യതയും ആത്മാർഥതയും കുറഞ്ഞ പഠിപ്പിക്കാ‍നറിയില്ലാത്ത അധ്യാപകരെക്കൊണ്ട് ഇന്ത്യൻ സർവ്വകലാശാലകൾ തൃപ്തിപ്പെടേണ്ടിവരും. കൂടുതൽ പണം അധ്യാപകർക്ക് നല്കേണ്ടിവരും എന്നതിനാൽ വിദേശസർവ്വകലാശാലകൾ വിദ്യാർഥികളെ കൊള്ളയടിക്കും (അല്ലെങ്കിലും കൊള്ളയടിക്കും). അതിനാൽ, ധനികർക്ക് മാത്രമേ ഉയർന്ന നിലവാരത്തിലുള്ള വിദേശസർവ്വകലാശാലകളിൽ പഠിക്കാനാകൂ എന്ന അവസ്ഥ സംജാതമാകും.ദരിദ്രർ താഴ്ന്ന നിലവാരത്തിലുള്ള ഇന്ത്യൻ സർവ്വകലാശാലകളിൽ പഠിക്കേണ്ടിവരും.
കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ തകർച്ചയുമായി ബന്ധപ്പെട്ട് ഇപ്പോൾ നടന്നുവരുന്ന സംവാദങ്ങൾ ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്. തൊണ്ണൂറുകളുടെ മദ്ധ്യത്തോടെ സംഭവിച്ച സ്വകാര്യ സ്കൂളുകളുടെ കടന്നുകയറ്റമാണ് പൊതുവിദ്യാഭ്യാസമേഖലയുടെ തകർച്ചയ്ക്ക് നിദാനം. അതിനു മുൻപ് ദരിദ്രജനവിഭാഗങ്ങളും,മധ്യവർഗ്ഗത്തിന്റെ താഴ്ന്ന ശ്രേണിയിൽ പെട്ടവരും ഒരേപോലെ പൊതുവിദ്യാഭ്യാസത്തിന്റെ ഗുണഭോക്താക്കളായിരുന്നു. പക്ഷേ, സ്വകാര്യ മേഖലയുടെ കടന്നുകയറ്റത്തോടെ, മദ്ധ്യ-ഉപരിവർഗ്ഗ പൊതു വിദ്യാലയങ്ങളോട് വിട പറഞ്ഞതോടെ, പൊതുവിദ്യാലയങ്ങൾ ശക്തിപ്പെടുത്താനുള്ള പൊതുസമൂഹത്തിന്റെ സമ്മർദ്ദം തീരെ നേർത്തുപോയി. പൊതുവിദ്യാഭ്യാസമേഖലയ്ക്ക് സംഭവിച്ച ഈ അപചയം വിദേശസർവ്വകലാശാലകളുടെ കടന്നുവരവോടെ ദേശീയസർവ്വകലാശാലകൾക്കും സംഭവിക്കാൻ സാധ്യതയുണ്ട്. ദേശീയസർവ്വകലാശാലകൾ ദരിദ്രന്റെ മാത്രം അഭയകേന്ദ്രമായിത്തീരുന്നതോടെ ‘നമ്മുടെ കുട്ടികൾക്ക് വേണ്ടാത്ത വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ നാം എന്തിന് ശ്രദ്ധിക്കണം’ എന്ന് ഇപ്പോഴത്തെ പ്രധാന സമ്മർദ്ദ ഗ്രൂപ്പായ മധ്യവർഗ്ഗ മാതാപിതാക്കൾ ചോദിച്ചു തുടങ്ങും. ദരിദ്രന് സമ്മർദ്ദം ചെലുത്താനുള്ള ശക്തി ഇല്ലാത്തതിനാൽ, ദേശീയ സർവ്വകലാശാലകൾക്ക് വേണ്ടി സമ്മർദ്ദ ഗ്രൂപ്പുകൾ ഇല്ലാതാകും. അതോടെ, വിദ്യാഭ്യാസത്തോടുള്ള സർക്കാരിന്റെ അവഗണന രൂക്ഷമാകാനാണ് സാധ്യത. അതുകൊണ്ട്, വിദ്യാഭ്യാസകാര്യത്തിലും ദരിദ്രരും ധനികരും തമ്മിലുള്ള വിടവ് വർദ്ധിപ്പിക്കുന്ന, ജനതയുടെ സ്വത്തായ സർക്കാർ സർവ്വകലാശാലകളുടെ നിലവാരം തകർത്തുകളയുന്ന ഇത്തരമൊരു പദ്ധതി നമുക്ക് ആവശ്യമോ?

കടന്നുവരാൻ പോകുന്ന വിദേശസർവ്വകലാശാലകളുടെ നിലവാരവും പരിശോധിക്കപ്പെടേണ്ടതാണ്. ഇന്ത്യൻ സർവ്വകലാശാലകളുടെ നിലവാരത്തിന്റെ പത്തിലൊന്ന് നിലവാരം പോലുമില്ലാത്ത, വെറും വിദ്യാഭ്യാസക്കച്ചവടക്കാരും കടന്നുവരാം.നിലവാരം പുലർത്താത്ത ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ത്യയിൽ മാത്രമല്ല വിദേശത്തുമുണ്ട്. ആസ്ത്രേലിയയിലെ ഒരു കോളേജിന് നിലവാരം പുലർത്താത്തത് മൂലം അംഗീകാരം നഷ്ടമായി എന്ന ഈയിടെ പുറത്തുവന്ന വാർത്ത തന്നെ ഇതിനുള്ള തെളിവ് .ഇന്ത്യൻ സർവ്വകലാശാലകളിൽ ഉപരിപഠനത്തിന് അർഹരാകാൻ തക്കവണ്ണമുള്ള മാർക്കില്ലാത്തവരും, എന്നാൽ വിദേശസർവ്വകലാശാലകളുടെ ഇന്ത്യൻ ക്യമ്പസുകളിൽ പഠിക്കാൻ പണമുള്ളവരുമായ വിദ്യാർഥികൾക്ക് ‘ചുളുവിൽ’ ബിരുദം നൽകുന്ന ‘വ്യാജസർട്ടിഫിക്കറ്റ്’ നിർമ്മാതാക്കളുടെ നിലവാരത്തിലേക്ക് വിദേശസർവ്വകലാശാലകൾ ചുരുങ്ങാൻ സാധ്യതയുണ്ട്.. ഇത് അഭ്യസ്തവിദ്യരായ തൊഴിൽ രഹിതരുടെ എണ്ണം വർദ്ധിപ്പിക്കാനേ ഉപകരിക്കൂ.
വിദേശസർവ്വകലാശാലകൾക്ക് അനുമതി നൽകുന്നതിന് പിന്നിലുള്ള ഉദ്ദേശ്യം, സർക്കാരിന് ചെലവഴിക്കാൻ കഴിയാത്തത്ര പണച്ചെലവുള്ള വിഷയങ്ങൾ പഠിപ്പിക്കുന്ന കോളേജുകൾ സ്വകാര്യസംരംഭകർ നിർമ്മിക്കും എന്നതാണ്. വിദേശസർവ്വകലാശാലകൾ അനുവദിച്ച മറ്റ് രാജ്യങ്ങളിലെ അനുഭവങ്ങൾ മറിച്ചാണ്. പണച്ചെലവ് കുറഞ്ഞ, അതത് രാജ്യങ്ങൾക്ക് ആവശ്യമില്ലാത്ത കോഴ്സുകളാ‍ണ് വിദേശസർവ്വകലാശാലകൾ പഠിപ്പിക്കാറ്. ഉദാഹരണത്തിന്, ഇന്ത്യക്ക് കൂടുതൽ ഡോക്ടർമാരെ ആവശ്യമുണ്ട്.പക്ഷേ, വിദേശസർവ്വകലാശാലകൾ പഠിപ്പിക്കുന്നത് വിവരസാങ്കേതിക വിദ്യ ആണെങ്കിൽ, അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ വർദ്ധിപ്പിക്കുക വഴി അത് രാജ്യത്തിന് ദോഷമേ ചെയ്യൂ.. ഒരു രാജ്യത്തിന്റെ പരിതസ്ഥിതികൾ അറിയാവുന്ന തദ്ദേശീയ സർക്കാരുകൾ തന്നെയാണ് ഈ രംഗത്ത് മുൻകൈയ്യെടുക്കേണ്ടത്.
വിദേശസർവ്വകലാശാലകളുടെ പാഠ്യപദ്ധതി അവർ തന്നെ തയ്യാറാക്കിയതായിരിക്കും.ഈ പാഠ്യപദ്ധതിയ്ക്ക് ഇന്ത്യൻ സാഹചര്യങ്ങളുമായി പുലബന്ധം പോലും കാണില്ല. ഉദാഹരണത്തിന്-അമേരിക്കയിൽ പഠിപ്പിക്കുന്ന സാമ്പത്തികശാസ്ത്രത്തിന് ഇന്ത്യൻ അവസ്ഥകളുമായി യാതൊരു ബന്ധവുമില്ല. അമേരിക്കൻ സർവ്വകലാശാലയുടെ ഇന്ത്യൻ ക്യാമ്പസിൽ പഠിപ്പിക്കാ‍ൻ പോകുന്നത് ഈ സാമ്പത്തികശാസ്ത്രം തന്നെയാണ്. അങ്ങനെ, ഇന്ത്യയെക്കുറിച്ചും ഇന്ത്യൻ സാഹചര്യങ്ങളെക്കുറിച്ചും അജ്ഞരായ യുവതലമുറയെയാണ്, വിദേശസർവ്വകലാശാലകൾ ഇന്ത്യയിൽ സൃഷ്ടിക്കുക. മാത്രമല്ല, ഒരു തരം ആശയപരമായ അടിമത്തത്തിലേക്ക് നയിക്കുകയും ചെയ്യും.വൈദേശികമായതെന്തും മുള്ളോടെ വിഴുങ്ങുന്ന നമ്മുടെ ഉന്നതമധ്യവർഗ്ഗത്തിന്റെ മനോഭാവം തന്നെ പതിറ്റാണ്ടുകളുടെ ബ്രിട്ടീഷ് വിദ്യാഭ്യാസത്തിന്റെ ആശയപരമായ അടിമത്തത്തിന്റെ സൃഷ്ടിയാണ്.
ഈ പദ്ധതി തികച്ചും ഉന്നതവിദ്യാഭ്യാസമേഖലയെ ലക്ഷ്യം വച്ചുള്ളതാണെന്ന് കരുതിയെങ്കിൽ തെറ്റി. വിദ്യാഭ്യാസക്കച്ചവടം നടത്തുന്ന വൻ കുത്തകകൾക്ക് രാജ്യത്തെ വിദ്യാഭ്യാസരംഗത്തെയാകെ തുറന്ന് കൊടുക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണോ ഈ പദ്ധതിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആദ്യം ഉന്നതവിദ്യാഭ്യാസ രംഗം തുറന്ന് കൊടുക്കുക. വിദേശസർവ്വകലാശാലകളുടെ അധിനിവേശത്തിൽ ദേശീയ സർവ്വകലാശാലകൾ നിലം പതിക്കും. സർക്കാർ ഇപ്പോൾ പ്രാഥമിക വിദ്യാഭ്യാ‍സ മേഖലയെ തകർക്കാനുള്ള തയ്യാറെടുപ്പിലാണ്. പത്താം ക്ലാസ് പൊതുപരീക്ഷ നിർബന്ധിതമല്ലാതാക്കൽ, ഇന്ത്യ ഒട്ടാകെ ഏകീകൃത സിലബസ് കൊണ്ടുവരാനുള്ള പദ്ധതി, മുതലായ നീക്കങ്ങൾ പ്രാഥമിക വിദ്യാഭ്യാസ മേഖലയുടെ നട്ടെല്ലൊടിക്കുക എന്ന ലക്ഷ്യത്തോടെയുള്ളവയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസവും നിലം പതിച്ച് കഴിയുമ്പോൾ വിദേശ സിലബസ് പിന്തുടരാൻ ഇന്ത്യൻ സ്കൂളുകളെ അനുവദിക്കുന്ന നിയമം കൊണ്ടുവരും.അതോടെ ഗുണമേന്മയുള്ള പ്രാഥമിക വിദ്യാഭ്യാസവും സമ്പന്നന്റെ മാത്രം സ്വത്തായിത്തീരും. വിദ്യാഭ്യാസ കുത്തകകൾ ഇന്ത്യയിൽ കൊടി കുത്തി വാഴും.

എന്തിന് വിദേശികൾ?

ഇന്ത്യൻ വിദ്യാഭ്യാസ രംഗം എങ്ങനെ ഈ ശോചനീയാവസ്ഥയിൽ എത്തപ്പെട്ടു? ഏറ്റവും പ്രാധാന്യമർഹിക്കുന്ന മേഖലയായിട്ടുപോലും സർക്കാർ ആത്മഹത്യാപരമായ അലംഭാവമാണ് വിദ്യാഭ്യാസ രംഗത്തോട് കാണിക്കുന്നത്. മൊത്തം ആ‍ഭ്യന്തര ഉല്പാദനത്തിന്റെ വെറും അര ശതമാനമാണ് കേന്ദ്രസർക്കാർ വിദ്യാഭ്യാസ മേഖലയ്ക്കായി നീക്കിവയ്ക്കുന്നത്.
2004-ൽ ഒന്നാം യു.പി.എ സർക്കാർ അധികാരത്തിലേറിയപ്പോൾ വിദ്യാഭ്യാസ രംഗത്തെ നിക്ഷേപം ആറ് ശതമാനമായി വർദ്ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇത് അന്ന് പാലിച്ചിരുന്നെങ്കിൽ ഇന്ത്യ വിദ്യാഭ്യാസത്തിന്റെ പറുദീസയായി മാറുമായിരുന്നു.
15000 സർവ്വകലാശാലകളും 50000 കോളേജുകളും പുതുതായി സർക്കാർ മൂലധനം ഉപയോഗിച്ച് പണിതാൽ തന്നെ ഇന്ത്യയുടെ ഉന്നതവിദ്യാഭ്യാസരംഗത്തുള്ള പ്രശ്നങ്ങൾ ഏറെക്കുറെ മാറിക്കിട്ടും. ഇതിന് ഐ.പി.എല്ലിന് സൌജന്യങ്ങൾ ചെയ്യാൻ ചെലവഴിക്കുന്ന പണം മതി.
അന്തർദേശീയ നിലവാരത്തിലുള്ള പാഠ്യപദ്ധതി ആവശ്യമാണെങ്കിൽ വിദേശ സകലാശാലകൾക്ക് ഇന്ത്യയിൽ ക്യാമ്പസ് തുടങ്ങാൻ അനുമതി നൽകണമെന്നില്ല. പകരം, ഇന്ത്യൻ സർവ്വകലാശാലകളും വിദേശ സർവ്വകലാശാലകളും സഹകരിച്ചാൽ മാത്രം മതി.അതിന് അവ തമ്മിൽ കരാർ ഒപ്പിട്ടാൽ മാത്രം മതി. ചൈന പോലെയുള്ള രാജ്യങ്ങൾ ഈ രീതിയാണ് അവലമ്പിച്ചത്. ഈ രീതി ഫലപ്രദമാണെന്ന് തെളിയുകയും ചെയ്തു.
അന്താരാഷ്ട്ര നിലവാരത്തിൽ പഠിച്ച വിദ്യാർഥികളുടെ സേവനം ഇന്ത്യക്കാവശ്യമുണ്ട്.അതിനും വിദേശ സർവ്വകലാശാലകളെ ഇങ്ങോട്ട് കൊണ്ടുവരണമെന്നില്ല. സമർഥരായ ഇന്ത്യൻ വിദ്യാർഥികളെ സ്കോളർഷിപ്പ് നൽകി സർക്കാർ തന്നെ വിദേശത്തേക്കയച്ചാൽ മതി. വിദേശത്ത് തന്നെ അവർ ഉറച്ച് പോകാതിരിക്കാൻ , സ്കോളർഷിപ്പ് ലഭിക്കണമെങ്കിൽ, പഠനശേഷം ഇന്ത്യയിൽ തിരികെ വന്ന് ഒരു നിശ്ചിത കാലം അധ്യാപകനായോ ഗവേഷകനായോ ജോലി ചെയ്യണം എന്ന വ്യവസ്ഥ വച്ചാൽ മതി. അങ്ങനെ മസ്തിഷ്കച്ചോർച്ച സർക്കാരിന് നിയന്ത്രിക്കുകയും ചെയ്യാം.ഒപ്പം നമ്മുടെ സർവ്വകലാശാലകൾക്ക് പ്രതിഭാധനരായ അധ്യാപകരെ ലഭിക്കുകയും അവ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയും ചെയ്യും.
സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുന്നത് ഒരു നല്ല സർക്കാരിന്റെ ലക്ഷണമല്ല. സർക്കാർ മൂലധനം ഉപയോഗിച്ച് ഉന്നതവിദ്യാഭ്യാസരംഗത്തെ രംഗത്തെ മെച്ചപ്പെടുത്തുന്നതിന് പകരം, എല്ലാ ഉത്തരവാദിത്തങ്ങളും സ്വകാര്യമേഖലയെയും വിദേശികളെയും ഏല്പിക്കുക വഴി സർക്കാർ സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ് ചെയ്യുന്നത്.. വിദ്യാഭ്യാസം ഒരു ചരക്കല്ലെന്നും,അതൊരു സാമൂഹിക പ്രക്രിയയാണെന്നുമുള്ള വസ്തുത വിസ്മരിച്ചുകൊണ്ടുള്ള ഏത് പദ്ധതിയും നമ്മെ പിന്നോട്ട് വലിക്കും. പ്രസ്തുത പദ്ധതിയും അത്തരത്തിലുള്ള ഒന്നായിപ്പോയി എന്നതാണ് നിർഭാഗ്യകരമായ വസ്തുത.

1 comment:

ഇബ്രാഹിം ചമ്പക്കര said...

രണ്ട് വർഷങ്ങൾക്ക് ശേഷമുള്ള പോസ്റ്റ്. വിദേശസർവ്വകലാശാലകളുടെ കടന്നുവരവിനെ സഹായിക്കുന്ന കേന്ദ്രസർക്കാരിന്റെ ബില്ലിനെക്കുറിച്ചും അത് ഉളവാക്കുന്ന ഭവിഷ്യത്തിനെക്കുറിച്ചുമാണ് ഈ ലേഖനം പ്രതിപാദിക്കുന്നത്.ബദൽ നിർദ്ദേശങ്ങളും അടങ്ങിയിരിക്കുന്നു.

സന്ദര്‍ശക നംബര്‍

ഇപ്പോള്‍ ഈ ബ്ലോഗ് വാ‍യിക്കുന്നവരുടെ എണ്ണം