
മലയാള സിനിമയിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെട്ട, ഇന്നും വിശേഷിപ്പിക്കപ്പെടുന്ന ‘യവനിക’ ഈയിടെ കാണാന്‍ ഇടയായി. തിരക്കഥയും സംവിധാനവും അഭിനയവും(ങ്ങളും) നന്നായെങ്കിലും ഒരു നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടാനുള്ള യോഗ്യത ഇതിനുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കഥാഗതി
ബ്ലോഗര്‍മാരില്‍ ഭൂരിപക്ഷവും ഈ സിനിമ കണ്ടിട്ടുള്ളതിനാലും കണ്ടിട്ടില്ലാത്തവരില്‍ ഭൂരിപക്ഷത്തിനും ഇതിന്റെ ഇതിവൃത്തം അറിയാം എന്നതിനാലും കഥ അധികം വിശദീകരിച്ച് പറയേണ്ടിവരും എന്ന് തോന്നുന്നില്ല. കൃഷ്ണപുരം ‘ഭാവന തിയേറ്റേഴ്സ്’‘ എന്ന നാടകസംഘത്തിലെ തബലിസ്റ്റായ അയ്യപ്പനെ(ഭരത് ഗോപി) കാണാതകുന്നു. ഇതിനെ തുടര്‍ന്നുള്ള പോലീസ് അന്വേഷണത്തിന്റെ കഥയാണ് യവനിക പറയുന്നത്. അയ്യപ്പന് ഒരു തികഞ്ഞ ധിക്കാരിയാണ്. ലോകക്രമങ്ങളും നിയമങ്ങളും ഒന്നും അയാള്‍ക്ക് ബാധകമല്ല. അടിസ്ഥാനപരമായി അയാള്‍ ഒരു നാടോടിയാണ്. പോകുന്നിടത്തെല്ലാം അയാള്‍ക്ക് ഭാര്യമാരുണ്ടാകും.ഇത്തവണ അയ്യപ്പന് സ്ത്രീ ലമ്പടന് എന്നതിലുപരി ഒരു ചൂഷകന്റെ വേഷം കെട്ടുന്നു. ഇത്തവണത്തെ അയാളുടെ വേട്ടമൃഗമാണ് രോഹിണി(ജലജ). ദാരിദ്ര്യം കൊടികുത്തിവാഴുന്ന കുടുംബത്തിലെ അംഗമാണ് രോഹിണി. അയ്യപ്പനാണ് അവളെ നാടകരംഗത്തിലേക്ക് കൊണ്ടുവന്നത്. നാടകത്തില്‍ നിന്നും അവള്‍ക്ക് ലഭിക്കുന്ന പണം മുഴുവന്‍ അയാള്‍ ധൂര്‍ത്തടിക്കുന്നു.ഒരുനാള്‍ അയ്യപ്പന്റെ മൃതദേഹം ചാക്കില്‍ കെട്ടപ്പെട്ട നിലയില്‍ പോലീസ് കണ്ടെടുക്കുന്നു. ഒടുവില്‍ പ്രതീക്ഷിച്ചത് പോലെ നായികയായ രോഹിണിയുടെ കുറ്റസമ്മതത്തോടെ ടൈറ്റില്‍ തെളിയുന്നു.
ഒരു കുറ്റാന്വേഷണചിത്രം എന്നതിലുപരിയായി എന്താണ് ഈ ചിത്രത്തിലുള്ളതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. മറ്റു കുറ്റാന്വേഷണചിത്രങ്ങളിലുള്ള സസ്പെന്‍സും സങ്കീര്‍ണ്ണതയും ഇതിനില്ല.
അയ്യപ്പനെ അവതരിപ്പിച്ച ഭരത് ഗോപിയുടെ അഭിനയം നന്നായെങ്കിലും കഥാപാത്രത്തിന്റെ മനസ്സിന്റെ ഉള്ളറകളിലേക്ക് ആഴത്തില്‍ സംവിധായകന് ഇറങ്ങിച്ചെല്ലുന്നില്ല. ധിക്കാരി,നാടോടി, സ്ത്രീ ലമ്പടന്, വഴക്കാളി,ദുഷ്ടന് മുതലായ നിഷേധാത്മക മുദ്രകള്‍ ചാര്‍ത്തുക മാത്രമേ സംവിധായകനും തിരക്കഥാകൃത്തും ചെയ്തിട്ടുള്ളൂ. ‘ചെങ്കോലി‘ലെ സേതുമാധവന് എന്ന കഥാപാത്രത്തേക്കാള്‍ എത്രയോ താഴെയാണ് യവനികയിലെ അയ്യപ്പന്.K.G.ജോര്‍ജ്ജ് എന്ന സംവിധായകന് നാടകാവബോധത്തില്‍ നിന്ന് പുറത്ത് കടന്നിട്ടില്ല എന്നതും വ്യക്തമാണ്. യവനിക എന്നത് സിനിമ എന്നതിലുപരിയായി ഒരു നാടകമാണ്. സിനിമാറ്റിക് മൂലകങ്ങള്‍ സിനിമയിലെ ചില ഭാഗങ്ങളില്‍ മാത്രമേ ഉള്ളൂ. ചില അസ്വാഭാവികതകളും ഉണ്ട്. ജലജ, വേണു നാഗവള്ളി എന്നിവരുടെ കഥാപാത്രങ്ങളും വേണ്ടത്ര വികസിച്ചിട്ടില്ല. സ്ത്രീ പീഢനം ജോര്‍ജ്ജിന് ഇഷ്ടപ്പെട്ട വിഷയമാണെന്ന് തോന്നുന്നു!അദ്ദേഹത്തിന്റെ മറ്റ് ചില ചലച്ചിത്രങ്ങളും ഈ പ്രമേയത്തില്‍ തന്നെയാണ് ചെയ്യപ്പെട്ടത് (ഉദാ-ലേഖയുടെ മരണം-ഒരു ഫ്ലാഷ്ബാക്ക്).

ദോഷം മാത്രം പറയരുതല്ലോ. സിനിമാറ്റിക്കായ കുറ്റാന്വേഷണ രീതിയല്ല യവനികയിലുള്ളതെങ്കിലും ആധുനിക പോലീസ് മുറയിലുള്ള യഥാര്‍ഥ്യത്തിന് നിരക്കുന്ന കുറ്റാന്വേഷണ രീതിയാണ് യവനികയില്‍ നാം കാണുന്നത്. എല്ലാ നടന്മാരുടെയും നടികളുടെയും അഭിനയം മികച്ച നിലവാരം പുലര്‍ത്തി. സാധാരണ സിനിമാ സംവിധായകര്‍ ചെയ്യുന്നത് പോലെ, ജലജയുടെ കഥാപാത്രവും വേണു നാഗവള്ളി അവതരിപ്പിച്ച കഥാപത്രവും പ്രണയിക്കുന്നതായി കെ.ജി.ജോര്‍ജ്ജ് ചിത്രീകരിച്ചില്ല എന്ന വസ്തുത ശ്രദ്ധേയമാണ്. പ്രണയേതര സ്ത്രീപുരുഷബന്ധങ്ങളുടെ ഊഷ്മളത പ്രകടീകരിക്കുന്ന തിരക്കഥാകൃത്തിന്റെ രചനാതന്ത്രം പ്രശംസനീയമാണ്. O.N.V കുറുപ്പ് രചിച്ച് എം.ബി.ശ്രീനിവാസന് സംഗീതം നല്കിയ ഗാനങ്ങള്‍ ശ്രവണ മധുരമാണ്. ജഗതിയുടെ ഹാസ്യനമ്പരുകള്‍ ചിരി പടര്‍ത്തും.തീരെ വിരസമല്ല യവനിക. അനാവശ്യ സീനുകള്‍ ഉള്‍പ്പെടുത്താതിരിക്കാനും കഥാഗതി ഇടയ്ക്കിടെ മാറ്റി കാഴ്ച്ചക്കാരെ ആകര്‍ഷിക്കാനും നാടകീയത വരുത്താനും സംവിധായകന് കാണിച്ച ശ്രദ്ധ പ്രശംസനീയമാണ്.
വിധിയെഴുത്ത്- ഒരു ’നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു സിനിമ കാണതിരിക്കുന്നത് ശരിയല്ല. പക്ഷെ,വളരെ നല്ല സിനിമ എന്ന് പ്രതീക്ഷിച്ച് ഈ സിനിമ കാണരുത്. നാഴികക്കല്ല് എന്ന് കേള്‍ക്കുമ്പോള്‍ ‘ചെമ്മീനെ’ഓര്‍ക്കാതിരിക്കുക. ജനപ്രിയതയുടെ ആഘോഷങ്ങള്‍ കൊണ്ട് മാത്രം ഒരു സിനിമയെ എത്ര മാത്രം പ്രശസ്തമാകുന്നു എന്ന് ‘യവനിക’ കാണുമ്പോള്‍ മനസ്സിലാകുന്നു.