
പത്രമുതലാളിമാരും നമ്മളും മീനാക്ഷി റെഡ്ഡിമാധവനും
കലാകൌമുദിയില് വന്ന രണ്ട് ലേഖനങ്ങളാണ് ഈ ബ്ലോഗിയന്‍ കുറിപ്പിനാധാരം. പി.സുരേഷ് ബാബുവിന്റെ ‘പുരുഷന്മാരാണ് പുതിയ സ്ത്രീകള്‍‘ (ലക്കം-1677), മനോജ് ബാലകൃഷ്ണന്റെ ‘ബൂലോകത്തിന് തീ കൊളുത്തിയ മീനാക്ഷി‘ (ലക്കം-1679) എന്നിവയാണ് പ്രസ്തുത ലേഖനങ്ങള്‍. ലേഖനങ്ങള്ക്കാധാരമായ 'the compulsive confessor' എന്ന മീനാക്ഷിയുടെ ബ്ലോഗ് സന്ദര്‍ശിച്ചു.വെറും ഒരു സാധാരണ ആംഗലേയ ബ്ലോഗ് മാത്രമായിരുന്നു അത്.
ഇന്നത്തെ അച്ചടി മാധ്യമങ്ങളില്‍ ബ്ലോഗുകളെ കുറിച്ചുള്ള ലേഖനങ്ങള്‍ വര്‍ദ്ധിച്ച് വരുന്നു. ഇതിന്റെ പൊരുള്‍ അവ്യക്തമാണ്. എങ്കില്‍ തന്നെയും ലേഖകന്‍ (സംശയിക്കേണ്ട, ഞാന്‍ തന്നെയാണ് സംശയക്കാരന്‍), ചില ഊഹാപോഹങ്ങളൊക്കെയുണ്ട്. ഏതായാലും, പത്രമുതലാളിമാരും പത്രാധിപന്മാരും, ബ്ലോഗുകളാണ് നാളത്തെ മാധ്യമങ്ങള്‍ എന്ന് മനസ്സിലാക്കിയിട്ടല്ല ഇതൊക്കെ ചെയ്യുന്നതെന്ന് സ്പഷ്ടം. ഒന്നുകില്‍, ഇത് പത്ത് കോപ്പി കൂടുതല്‍ ചിലവാക്കനുള്ള തന്ത്രമാണ്. അല്ലെങ്കില്‍ ‘ലേഖനക്ഷാമ‘ത്തെ അതിജീവിക്കാനുള്ള തന്ത്രം. ഏതായാലും ഇന്നത്തെ അച്ചടിമാധ്യമങ്ങള്‍ ബ്ലോഗുകളെ പറ്റിയുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് വഴി ഇരുകൂട്ടരും അന്യോന്യം സഹായിക്കുന്നു. ഒരുവശത്ത് ബ്ലോഗുകളുടെ പ്രചാരം വര്‍ദ്ധിക്കുന്നു. കൂടുതല്‍ കൂടുതല്‍ ബ്ലോഗര്‍മാര്‍ ഉണ്ടാകുന്നു. മറുവശത്ത്, അച്ചടിമാധ്യമങ്ങള്‍ക്ക് ലേഖനക്ഷാമം പരിഹരിക്കാം.‘കാക്കയുടെ വിശപ്പും മാറും, പശുവിന്റെ ശരീരത്തില്‍ നിന്നും ചെള്ളും പോയിക്കിട്ടും‘ പ്രയോഗത്തെ അന്വര്ദ്ധമാക്കുന്ന സ്ഥിതിവിശേഷം സംജാതമായിരിക്കുന്ന സ്ഥിതിക്ക് ആനുകാലികങ്ങളില്‍ ബ്ലോഗുകളെ പരിചയപ്പെടുത്താന്‍ എല്ലാ ലക്കങ്ങളിലും ഒന്നോ രണ്ടോ പേജുകള്‍ നീക്കിവയ്ക്കുന്നത് നന്നായിരിക്കും.
ഇനി മീനാക്ഷി റെഡ്ഡിമാധവനിലേക്ക് മടങ്ങിവരാം. നളിനി ജമീലയെപ്പോലെയുള്ള ‘മഹതി‘കളുടെ ടിപ്പിക്കല്‍ ഇംഗ്ലീഷ് പതിപ്പാവുക എന്ന സ്മാരകദൌത്യം ശിരസ്സാവഹിക്കുക മാത്രമാണ് മീനാക്ഷി ചെയ്തത്. രണ്ടേ രണ്ട് വ്യത്യാസങ്ങള്‍ മാത്രം.
(1) മീനാക്ഷി റെഡ്ഡിമാധവന്റെ രചനകളില്‍ ഭാഷയുടെ കാഠിന്യവും തത്വചിന്തയുടെ സാന്നിധ്യവും ഉണ്ട്. ഒരു ‘ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ’ എന്ന നളിനി ജമീലയുടെ ആത്മകഥയില്‍ ഇവ രണ്ടും ഇല്ല.
(2) നളിനി ജമീലയെപ്പോലെയുള്ള വ്യക്തികള്‍, ലൈംഗികതയെ ഒരു തൊഴിലായി സ്വീകരിചിരുന്നു. മീനാക്ഷി റെഡ്ഡിമാധവന് അങ്ങനെ ചെയ്തില്ല.
യഥാര്‍ഥത്തില്‍ ഒരേതരം വ്യക്തിത്വങ്ങളുടെ ഒരേതരം കഥകള്‍ പറഞ്ഞ് നമ്മെ ‘ബോറടി’പ്പിക്കുകയാണ് കലാകൌമുദിയും ഇതര പ്രസിദ്ധീകരണങ്ങളും.
മീനാക്ഷിയുടെ പുസ്തകം ബെസ്റ്റ് സെല്ലറാകുമെന്ന് ഉറപ്പ്. കാരണം , ‘ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ’ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയോ അത്തരം പുസ്തകങ്ങള്‍ ഇംഗ്ലീഷ് ഭാഷയില്‍ എഴുതപ്പെടുകയോ ചെയ്യപ്പെട്ടില്ല. ഇക്കാരണത്താല്‍, ഈ പുസ്തത്തിന് ഒരു പുതുമയുണ്ട്. അതിനാല്‍ തന്നെ ഇത് ബെസ്റ്റ് സെല്ലറാകും
ചുരുക്കിയെഴുതിയാല്‍ യാതൊരു വാര്‍ത്താപ്രാധാന്യവും നല്‍കേണ്ടതില്ലാത്ത വിഷയമാണിത്.